mathews.jacob@mail.com

+91 88910 52375

Blog of Mathews Jacob

ഈ സമരം പരാജയപ്പെടണം

Posted on: 13-Dec-2020

Farmers with yes or No placard

ദില്ലിയിൽ നടക്കുന്ന കർഷക സമരം ഇന്ന് പതിനെട്ടാം ദിനത്തിലേക്കു കടന്നിരിക്കുന്നു. കേന്ദ്ര സർക്കാർ ഈ വർഷം ജൂലൈയിൽ ഇറക്കിയ ഓർഡിനൻസുകളുടെ സ്ഥാനത്തു സെപ്റ്റംബറിൽ പാർലമെൻറ്റിലെ രണ്ടു സഭകളിലും ബില്ലുകളായി അവതരിപ്പിച്ചു പാസ്സാക്കിയെടുത്ത, സെപ്റ്റംബർ 27 നു ഇന്ത്യൻ പ്രസിഡണ്ട് ഒപ്പുവച്ചു നിയമമായി മാറിയ മൂന്നു നിയമങ്ങളും പിൻവലിക്കാതെ ഈ സമരം നിർത്തില്ലായെന്ന കടുപ്പിച്ച നിലപാടാണ് സമരം ചെയ്യുന്നവർ എടുത്തിരിക്കുന്നത്. നിയമങ്ങൾ പിൻവലിക്കുന്ന പ്രശ്നമേ ഉയരുന്നില്ലായെന്നും സമരം ചെയ്യുന്നവരുടെ ആശങ്കകൾ ചർച്ച ചെയ്ത് താങ്ങുവില മുതലായ ചില കാര്യങ്ങളിൽ ആവശ്യമായ ഉറപ്പുകൾ രേഖാമൂലം നൽകാൻ തയ്യാറാണെന്നുമുള്ള തീരുമാനത്തിൽ കേന്ദ്രസർക്കാരും എത്തിയിരിക്കുന്നു. സ്വാഭാവികമായും ഈ സ്ഥിതി കുറേദിവസം കൂടി തുടരാനാണ് സാധ്യത. വൃദ്ധരും വയോധികരുമൊക്കെ സമരം ചെയ്യുന്നവരുടെയിടയിൽ ധാരാളമായി ഉള്ളതുകൊണ്ട് ഇന്ദിരാഗാന്ധിയുടെ ശൈലിയിൽ സമരത്തെ ഉരുക്കുമുഷ്ടികൾകൊണ്ട് അടിച്ചൊതുക്കാൻ നരേന്ദ്രമോദി സർക്കാർ തുനിയുമെന്നു തോന്നുന്നില്ല. സമാധാനപരമായി സമരം ചെയ്യുന്നവരെ അങ്ങിനെ നേരിടേണ്ട ആവശ്യവുമില്ല.

തീവ്രവാദികളുടെ കടന്നുകയറ്റം

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷികബില്ലുകൾക്കെതിരെയാണ് സമരമെന്ന് പറയുന്നുണ്ടെങ്കിലും ഇതേവരെ പല കേസുകളിലായി അറസ്റ്റ് ചെയ്യപ്പെട്ടും ശിക്ഷിക്കപ്പെട്ടും ജയിലുകളിലായിരിക്കുന്ന കുറ്റവാളികളെ മോചിപ്പിക്കണമെന്നുമുള്ള ഒരു സർക്കാരിനും അംഗീകരിക്കാൻ പറ്റാത്ത ആവശ്യങ്ങളും ചില സമര നേതാക്കൾ മുന്നോട്ട് വച്ചിട്ടുണ്ട്. (രാഷ്ട്രീയ കുറ്റവാളികളെ മോചിപ്പിക്കണമെന്നുള്ള ആവശ്യം)

ഇന്ദിരാഗാന്ധിയുടെ അതേ ദുർവ്വിധിതന്നെയായിരിക്കും നരേന്ദ്രമോദിക്കുമെന്നു സമരം ചെയ്യുന്ന ഒരു കർഷകൻ ഒരു ടി വി ചാനൽ റിപ്പോർട്ടറോട് പറയുന്നത് ആ ചാനൽ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. സമരം ചെയ്യുന്ന കർഷകരിൽ ചിലർ ഖാലിസ്ഥാൻ പ്രക്ഷോഭത്തിന്‌ ചുക്കാൻ പിടിച്ച സന്ത്‌ ജർണയിൽസിംഗ് ഭിന്ദ്രൻവാലെയുടെ പോസ്റ്ററുകളുമായിട്ടാണ് അണിനിരന്നതെന്നത് സമരം ചെയ്യുന്നവർ ആരാണെന്നും എന്താണവരുടെ ലക്ഷ്യമെന്നും വ്യക്തമാക്കുന്നു. (ഖാലിസ്ഥാൻവാദികളുടെ സാന്നിധ്യം)

ഒരു വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾ

സമരം ഒരു വർഷം വരെ നീണ്ടാലും അതിനുള്ള തയ്യാറെടുപ്പുകളോടെയാണ് തങ്ങൾ വന്നിരിക്കുന്നതെന്നാണ് സമരം ചെയ്യുന്നവർ പറയുന്നത്, ആ തയ്യാറെടുപ്പുകൾ വളരെ പ്രകടവുമാണ്. സമരമുഖത്ത് എല്ലാ ആധുനിക സംവിധാനങ്ങളുമുണ്ട്. സാമ്പത്തികമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെന്നുള്ളതിൻറ്റെ ഒരു ലക്ഷണവും കാണാനില്ല. മണിക്കൂറിൽ 2000 ചപ്പാത്തികൾ വരെ നിർമ്മിക്കാൻ കഴിയുന്ന ഓട്ടോമാറ്റിക് ചപ്പാത്തിമേക്കറുകൾ ഉൾപ്പെടെയുള്ള ആധുനിക യന്ത്ര സംവിധാനങ്ങൾ സമരക്കാർക്കുവേണ്ടി നടത്തുന്ന ലംഗറിൽ (അടുക്കളയിൽ) ഒരുക്കിയിട്ടുണ്ട്. (ചപ്പാത്തി യന്ത്രത്തെക്കുറിച്ചുള്ള റിപ്പോർട്ട്)

ഓരോരുത്തരുടെയും ഊഴം കഴിഞ്ഞ ശേഷം വിശ്രമസ്ഥലത്തേക്കു പോകുന്നതിനു വാഹനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. വിശ്രമസ്ഥലത്തു കാലുകൾ മസ്സാജ് ചെയ്യുന്നതിനു വേണ്ടി വൈദ്യുതിയിൽ ഓപ്പറേറ്റ് ചെയ്യുന്ന ഫുട്‍മസാജറുകൾ സജ്ജീകരിച്ചിരിക്കുന്നു. (കാലുകൾ മസ്സാജ് ചെയ്യാനുള്ള യന്ത്രത്തെക്കുറിച്ചുള്ള റിപ്പോർട്ട്)

ഈ സമരത്തിൽ പങ്കെടുക്കുന്നവർ യഥാർത്ഥ കര്ഷകരാണെങ്കിൽ ഒരു കാര്യം വളരെ വ്യക്തമായി. ഇന്ത്യയിലെ കർഷകർ സാമ്പത്തികമായി വളരെ നല്ല നിലയിലാണ്. വർഷാവർഷം ഇവരുടെ ബാങ്ക് ലോണുകളും മറ്റും എഴുതിത്തള്ളുന്നത് സാധാരണക്കാരായ ഇന്ത്യയിലെ നികുതിദായകരോട് ചെയ്യുന്ന കൊടും ക്രൂരതയാണ്. ഹവാലാ പണം ഈ സമരത്തിൻറ്റെ സന്നാഹങ്ങൾക്കായി ചെലവാക്കുന്നുവെന്നാണ് ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതായാലും എൻഫോഴ്‌സ്‌മെൻറ്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (എൻഫോഴ്‌സ്‌മെൻറ്റ് ഡയറക്ടറേറ്റ് അന്വേഷണം)

ഇന്ത്യയിലെ യഥാർത്ഥ കർഷകരുടെ അവസ്ഥയും പരിഹാര മാർഗ്ഗങ്ങളും

പഞ്ചാബിലെ കർഷകർ ധനികരാണ്. കഴിഞ്ഞ കാലങ്ങളിൽ വൈദ്യുതി സബ്‌സിഡി ഇനത്തിലായാലും മറ്റു ആനുകൂല്യങ്ങളിൽക്കൂടിയായാലും നികുതിദായകരുടെ പണത്തിൻറ്റെ നല്ലൊരു ഭാഗം അവരുടെ അക്കൗണ്ടുകളിൽ എത്തിച്ചേർന്നിട്ടുണ്ട്. (വായിക്കുക)

ഇന്ത്യയിലെ കർഷകരെന്നു പറയുമ്പോൾ പഞ്ചാബിലെ കർഷകരുടെ ചിത്രമായിരിക്കരുത് നമ്മുടെ മനസ്സിൽ എത്തേണ്ടത്. ഇന്ത്യയൊട്ടുക്കു ആൽമഹത്യ ചെയ്ത കർഷകരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മുഖം നമ്മുടെയുള്ളിൽ തെളിയണം.

തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ മുട്ടുകുത്തിക്കാനുള്ള ഈ പ്രക്ഷോഭത്തിന്‌ ഇന്ത്യയിലെ പ്രതിപക്ഷം എല്ലാ പിന്തുണയും കൊടുക്കുന്നുണ്ട്. അവർ അധികാരത്തിൽ വന്നാൽ ഇതേ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവരുമെന്നുള്ളത് ഒരു യാഥാർഥ്യമാണെന്നുള്ളത് 2019 ലെ അവരുടെ പ്രകടനപത്രികകൾ വായിക്കുമ്പോൾതന്നെ വെളിവാകും. ഭാരതത്തിലെ യഥാർത്ഥ കർഷകർ ദരിദ്രരാണെന്നു ആർക്കാണറിയാത്തത്. അവർ അസംഘടിതരും മധ്യവർഗ്ഗവുമാണ്. ഓരോ തവണ കൃഷിയിറക്കുമ്പോളും അവർ ലോണിനുവേണ്ടി ബാങ്കുകളെ സമീപിക്കുന്നു. പലരും ലോണുകൾ തിരിച്ചടക്കാൻ സാധിക്കാതെ ജപ്തിനടപടികൾ നേരിടുന്നു. ഒരു വലിയ ശതമാനം കർഷകർ ആൽമഹത്യ തെരഞ്ഞെടുക്കുന്നു. ഈ സ്ഥിതിക്ക് ഒരു മാറ്റം വേണം; കർഷകൻറ്റെ ജീവിതനിലവാരം ഉയർത്തണമെന്ന് പതിറ്റാണ്ടുകളായി പല കോണുകളിൽ നിന്നും മുറവിളികൾ ഉയർന്നതാണ്. മിക്കവാറും എല്ലാ രാഷ്ട്രീയപാർട്ടികളും സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നതും ഇതുതന്നെയാണ്.

കോൺട്രാക്ട് ഫാമിങ്

അദാനിക്കും അംബാനിക്കും വേണ്ടിയാണ് നിയമങ്ങൾ കൊണ്ടുവന്നതെന്ന് പറയുന്നവർ കോൺട്രാക്ട് ഫാമിങ് 1990 മുതൽതന്നെ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും പല വമ്പൻ കമ്പനികളും ഇതിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കോൺട്രാക്ട് ഫാമിംഗിന്റെ ചരിത്രം പഠിച്ചാൽ മനസ്സിലാകും. (2005 ൽ NABARD പുറത്തിറക്കിയ ആധികാരിക പഠനരേഖ)

കാനഡാ, USA മുതലായ രാജ്യങ്ങൾ കോൺട്രാക്ട് ഫാമിങ്ങിലേക്കു തിരിഞ്ഞിട്ടു പതിറ്റാണ്ടുകളായി. 1990 ൽ തന്നെ ഇന്ത്യയിലും കോൺട്രാക്ട് ഫാമിംങ് ആരംഭിച്ചു. കോർപറേറ്റുകളുടെ പക്കൽ പണമുണ്ട്. കൃഷി ലാഭകരമായി നടത്താനുള്ള പ്രൊഫഷണലിസം ഉണ്ട്. കോൺട്രാക്ട് ഫാമിങ് വ്യാപകമാകുന്നതോടെ ഇന്ത്യയിൽ കൃഷി ഒരു വ്യവസായമായി മാറും. കാർഷിക മേഖലയിൽ സ്വകാര്യ നിക്ഷേപം അനിവാര്യമാണെന്ന് മുൻ കൃഷി മന്ത്രി ശരദ് പവാർ 2010 ൽ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് അയച്ച കത്തിൽ ഊന്നി പറയുന്നുണ്ട്. മാറിമാറിവന്ന സർക്കാരുകൾ വാചകക്കസർത്തുകളല്ലാതെ ഇതു നടപ്പിലാക്കാൻ ഒരു ചെറുവിരലനക്കാൻ പോലും തയ്യാറായില്ല. ആ സാഹചര്യത്തിലാണ് നരേന്ദ്രമോദി സർക്കാർ പുതിയ കാർഷിക നിയമങ്ങൾ നടപ്പിലാക്കിയത്.

ഏതായാലും നിയമങ്ങളിലൊരിടത്തും അദാനിയെന്നോ അംബാനിയെന്നോ പറയുന്നില്ല. 2020 ൽ നരേന്ദ്രമോദി സർക്കാർ കാർഷികബില്ലുകൾ കൊണ്ടുവരുമെന്ന് അദാനിക്ക് അറിയാമായിരുന്നവെന്നും അതുകൊണ്ട് 2019 ൽ കൂറ്റൻ വെയർഹൌസ്സുകൾ പണിഞ്ഞു എന്നുമാണ് മറ്റൊരു വാദം. ഇത് തെറ്റായ വർത്തയാണെന്നു ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തിലെ സൈബർ പോരാളികൾ ഇതുതന്നെ ഉരുവിട്ടു കൊണ്ടിരിക്കുന്നു. (ഇന്ത്യാ ടുഡേയിലെ റിപ്പോർട്ട് വായിക്കുക)2007 മുതൽ അദാനി ഗ്രൂപ്പിന്റെ വെയർഹൌസ്സുകളിലാണ് FCI യും പല സംസ്ഥാന സർക്കാരുകളും കോൺട്രാക്ട് അടിസ്ഥാനത്തിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നത്. ആധുനിക രീതിയിലുള്ള വെയർഹൌസ്സുകൾ FCI ക്കും സർക്കാരുകൾക്കും ഇല്ലാത്തതുകൊണ്ടാണ് ഈ മേഘല സ്വകാര്യവൽക്കരിച്ചത്. അതിൻറ്റെ ഗുണഫലങ്ങൾ ഈ മേഖലയിൽ കണ്ടിട്ടുമുണ്ട്.

ഇന്ത്യൻ കോർപറേറ്റുകളിലെ ഏറ്റവും വെറുക്കപ്പെടേണ്ട രാക്ഷസന്മാരാണ് അദാനിഗ്രൂപ്പും റിലൈൻസുമെന്നാണ് ഇടതുപക്ഷക്കാരെന്നു അവകാശപ്പെടുന്നവരും കോൺഗ്രസ്സും കുറേ കർഷക സംഘടനകളും പറയുന്നത്. (1960 കളിൽ ടാറ്റായെയും ബിർലായെയുമായിരുന്നു ഈ സ്ഥാനത്തു അന്നത്തെ ഇടതുപക്ഷം നിർത്തിയിരുന്നത്. ആ കാഴ്ചപ്പാടുകൾ തെറ്റായിരുന്നവെന്നു കാലം തെളിയിച്ചു.) അദാനിഗ്രൂപ്പും റിലൈൻസ്ഗ്രൂപ്പും കാർഷിക മേഘലയിലെ ഒരു കരാറിലും ഏർപ്പെടെരുതെന്നു നിയമത്തിൽ എഴുതിവെയ്‌ക്കുന്നതു നിയമപരമായി നിലനിൽക്കുന്നതുമല്ല. കൂടാതെ, കോൺട്രാക്ട് ഫാമിങ് തങ്ങളുടെ ബിസിനസ്സ് മേഘലയല്ലയെന്നു അദാനിഗ്രൂപ്പ് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. റിലൈൻസ് ഗ്രൂപ്പ് 2007 മുതൽതന്നെ കർണ്ണാടകയിലും, മധ്യപ്രദേശിലും ഒക്കെ വലിയ തോതിൽ കരാർ കൃഷി നടത്തി വിജയഗാഥ രചിച്ചുകൊണ്ടിരിക്കുന്നവരാണ്. അതിൻറ്റെ ഗുണഫലം അനുഭവിച്ച കർഷകർക്ക് കരാർ കൃഷിയെക്കുറിച്ചു ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വരുന്ന അഭിപ്രായങ്ങളേക്കാൾ വളരെ വിഭിന്നമായ അഭിപ്രായാണുള്ളതെന്നു കരാർ കൃഷിയെക്കുറിച്ചു UN ൻറ്റെ Food and Agriculture Organisation പുറത്തിറക്കിയിട്ടുള്ള റിപ്പോർട്ടുകളിൽ പ്രതിപാദിക്കുന്നുണ്ട്.

കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നിയമങ്ങൾ പിൻവലിക്കരുത്

ഈ നിയമങ്ങളെ എതിർക്കുകയും പഞ്ചാബിലെ കർഷകരെ പിന്തുണക്കുകയും ചെയ്യുന്നവർ രാജ്യത്തെ യഥാർത്ഥ കർഷകരെ വഞ്ചിക്കുകയാണ്, അവരുടെ ഉന്നമനത്തിനു തടയിടാൻ ശ്രമിക്കുകയാണ്. കർഷകർ ആല്മഹത്യ ചെയ്തപ്പോൾ അവരോടു ഇത്തരത്തിലുള്ള സഹതാപം ഒന്നും പ്രകടിപ്പിക്കാതെ ഇപ്പോൾ പഞ്ചാബിലെ കർഷകർക്കും അവരെ പിന്തുണക്കുന്ന സർക്കാർ വിരുദ്ധ ശക്തികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കത്തിച്ച മെഴുകുതിരിയുമായി തെരുവോരങ്ങളിൽ അണിനിരക്കുന്നത് കാണുമ്പോൾ നമ്മുടെ മുൻഗണനകളെക്കുറിച്ചു വലിയ സംശയങ്ങൾ ഉയരുന്നു. രാജ്യത്തിനോടും അവശത അനുഭവിക്കുന്നവരോടും ഉണ്ടാകേണ്ട പ്രതിബദ്ധത അബദ്ധത്തിലായാലും കക്ഷി രാഷ്ട്രീയത്തോടാകുന്നുവെന്നത് ദുഖകരമാണ്.


മോദി സർക്കാർ കൊണ്ടു വന്ന നിയമങ്ങൾ കർഷകരെ ഏജൻറ്റുമാരുടെ ചൂഷണത്തിൽ നിന്നും മോചിപ്പിക്കുവാനും അവരുടെ ഉൽപ്പന്നങ്ങൾ കൂടുതൽ വില നല്കാൻ തയ്യാറാവുന്നവർക്കു വിൽക്കുവാനുള്ള അവരുടെ സ്വാതന്ത്ര്യം ഉറപ്പിക്കുവാനുമുള്ളതാണ്. അതുകൊണ്ടു തന്നെ ഈ നിയമങ്ങൾ ഒരു കാരണവശാലും പിൻവലിക്കാൻ പാടില്ല.

ഈ സമരം കൂടുതൽ രൂക്ഷമാകുമെന്നുള്ളതിനും അത് കേന്ദ്ര സർക്കാരിനു വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നുള്ളതിനും സംശയമൊന്നുമില്ല. എന്നാലും അനാവശ്യമായ പിടിവാശികൾക്കു മുൻപിൽ സർക്കാർ മുട്ടുകുത്താൻ പാടില്ല. അത് ഒരു ജനാധിപത്യ സർക്കാരിനും ഭൂഷണമല്ല. കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസരത്തിൽ രാജി വച്ച് ജനവിധി തേടുകയാണ് അധികാരത്തിൽ തുടരുന്നതിനു വേണ്ടി തീവ്രവാദികളുടെയും രാജ്യപുരോഗതിക്കു തുരങ്കം വെയ്ക്കാൻ മുന്നിട്ടിറങ്ങിയവർക്കും മുൻപിൽ അടിയറവു പറഞ്ഞു നിലപാടുകളിൽ വെള്ളം ചേർക്കുന്നതിലും നല്ലത്. പുതിയ ജനവിധിയിൽ ജനം തിരഞ്ഞെടുക്കുന്ന സർക്കാരായിരിക്കണം നിയമങ്ങൾ പിൻവലിക്കണമോയെന്നു തീരുമാനിക്കേണ്ടത്.