mathews.jacob@mail.com

+91 88910 52375

Blog of Mathews Jacob

എന്റെ ബി.ജെ.പി പ്രവേശനം


Mathews Jacob
19-Apr-2019

2019 ലെ പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിനെ സാധാരണയായുള്ള തികഞ്ഞ നിസ്സംഗതയോടെ തുടക്കം മുതൽ നോക്കിക്കണ്ട ഒരു വ്യക്തിയാണ് ഞാൻ. ആരു വിജയിച്ചാലും കുഴപ്പമില്ല എന്ന രീതിയിലൊരു തണുപ്പൻ ചിന്താഗതി. നരേന്ദ്രമോദിയുടെ 5 വർഷത്തെ ഭരണത്തിനെതിരായി എന്റെ മനസ്സിൽ ഒന്നും ഇല്ലായിരുന്നു എന്ന് മാത്രമല്ലാ, നോട്ടു പിൻവലിയ്ക്കൽ, GST മുതലായ പരിഷ്കാരങ്ങളെ എന്റെ സുഹൃത്തുക്കൾ വീറോടെ എതിർത്തപ്പോൾ അവയുടെ നല്ല വശങ്ങളെക്കുറിച്ചു അങ്ങേയറ്റം വാചാലനായ ഒരു വ്യക്തിയുംകൂടി ആയിരുന്നു ഞാൻ. എങ്കിലും ഒരു ഭരണമാറ്റം ജനാധിപത്യ സംവിധാനത്തിനു തികച്ചും യോജിച്ചതാണ്; അതുകൊണ്ടുതന്നെ ഇത്തവണ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുന്നെങ്കിൽ ആയിക്കോട്ടെ എന്നൊരു മനോഭാവമായിരുന്നു ഏപ്രിൽ ആദ്യവാരം വരേയും എനിക്കുണ്ടായിരുന്നത്.

സത്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയോടും എനിക്ക് എതിർപ്പോ താല്പര്യമോ ഇല്ലായിരുന്നു. ഒരു പക്ഷെ പതിനഞ്ച് വർഷത്തെ എയർഫോഴ്‌സ് ജീവിതം ആയിരിക്കാം എല്ലാ രാഷ്ട്രീയപ്പാർട്ടികളെയും ഒരുപോലെ കാണാനുള്ള മാനസികാവസ്ഥ എന്നിലുണ്ടാക്കിയത്. എല്ലാ രാഷ്ട്രീയപ്പാർട്ടികളെയും ഒരുപോലെ കാണുകയെന്നു പറയുമ്പോൾ ദേശീയപാർട്ടികളെ മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. പ്രാദേശികപ്പാർട്ടികളോട് എനിക്കു വലിയ അവജ്ഞയാണ്. ദേശീയപ്പാർട്ടികളിൽ സ്ഥാനമാനങ്ങൾ ലഭിക്കാൻ പ്രയാസമാണെന്ന തിരിച്ചറിവിൽ പെട്ടെന്നു നേതാവാകാൻ ഉണ്ടാക്കിയ പാർട്ടികളാണ് പ്രാദേശികപ്പാർട്ടികളിൽ മിക്കതും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. സി.പി.എം, സി.പി.ഐ പാർട്ടികൾ കേരളത്തിൽ മാത്രം ഒതുങ്ങുന്ന പ്രാദേശികപ്പാർട്ടികളല്ലേയെന്ന ചോദ്യം ഉയർന്നേക്കാം. പക്ഷെ ദേശീയ കാഴ്ച്ചപ്പാടുള്ള പാർട്ടികളായിട്ടാണ് ഞാൻ അവയെ കാണുന്നത്.

മാർച്ച് മാസം അവസാനത്തോടുകൂടി എന്റെ മനസ്സിൽ വലിയ ആശങ്കകൾ ഉടലെടുക്കുവാൻ തുടങ്ങി. വയനാട്ടിൽ സ്ഥാനാർത്ഥിയാകുന്നതിനെക്കുറിച്ചു ഒരു തീരുമാനത്തിൽ എത്താൻ രാഹുൽ ഗാന്ധി പത്തു ദിവസം എടുത്തു. ഇത് അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ പ്രതീക്ഷ അപ്പാടെ മറിച്ചു. ഇത്തരം കാര്യങ്ങളിൽ ഒരു തീരുമാനം എടുക്കാൻ പ്രാപ്തിയില്ലാത്ത ഒരാൾ പ്രധാനമന്ത്രി ആകുകയും കഴിഞ്ഞ അഞ്ചു വർഷക്കാലം നരേന്ദ്രമോദി നേരിട്ടപോലുള്ള വെല്ലുവിളികൾ, പ്രത്യേകിച്ച് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, നേരിടേണ്ടി വന്നാൽ അവയെ എങ്ങിനെ അതിജീവിക്കും എന്ന ചോദ്യം എന്റെ മനസ്സിൽ പല സംശയങ്ങൾക്കും വിത്തുപാകി. രാഹുൽ ഗാന്ധി പക്വതയാർജ്ജിച്ചുവെന്ന പ്രചാരണം തികച്ചും അടിസ്ഥാന രഹിതമാണെന്ന ഒരു തിരിച്ചറിവ് എനിക്കുണ്ടായി.

കൂടാതെ, ഒരു രാഷ്ട്രീയ വിദ്യാർത്ഥിയെന്ന നിലയിൽ ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ കൂടുതൽ പഠിക്കണം എന്ന ആഗ്രഹം എനിക്കുണ്ടായി. ദേശീയ മാധ്യമങ്ങളിൽ വന്ന പഠനങ്ങളും സർവ്വേകളും പഠിച്ചപ്പോൾ കുറെ യാഥാർഥ്യങ്ങൾ എനിക്ക് ബോധ്യപ്പെട്ടു. എന്റെ പഠനങ്ങളിൽ എനിക്ക് സംശയലേശമന്യേ ബോധ്യപ്പെട്ട കാര്യങ്ങളാണ് താഴെ അക്കമിട്ടു നിരത്തുന്നത്. പ്രതിപക്ഷ നിരയിൽ അനൈക്യം നില നിൽക്കുന്നു; അവർക്കിടയിൽ ഒരു ധാരണയും ഉണ്ടാവാൻ സാധ്യതയില്ല. കോൺഗ്രസ്സിന് 60 സീറ്റുകളിൽ കൂടുതൽ കിട്ടുവാൻ ഒരു സാധ്യതയുമില്ല. പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറിയാലും ഡി.എം.കെ ഒഴിച്ച് ഒരു പാർട്ടിയും രാഹുൽ ഗാന്ധിയെ പ്രാധാനമന്ത്രി അകാൻ അനുവദിക്കില്ലാ. എസ്.പി യും ബി.എസ്.പിയും രാഹുൽ ഗാന്ധിയെ അമേഠിയിൽ തോൽപ്പിക്കുവാൻ ആവുന്നതെല്ലാം ചെയ്യും. പ്രതിപക്ഷപ്പാർട്ടികൾ ഒരു കർണാടക മോഡൽ ആണ് സ്വപ്നം കാണുന്നത്. ഇത്തവണ ആർക്കും ഭൂരിപക്ഷം കിട്ടാത്ത ഒരവസ്ഥ സൃഷ്ടിച്ചു അതിൽനിന്നും മുതലെടുപ്പ് നടത്തണം. ഏറ്റവും വലിയ പാർട്ടിയായി കോൺഗ്രസ് മാറിയാലും, പ്രധാനമന്തിസ്ഥാനം മറ്റേതെങ്കിലും പാർട്ടിക്ക് കൊടുത്തിട്ട് കോൺഗ്രസ് നിരുപാധികം പിന്തുണക്കും എന്നവർ വിശ്വസിക്കുന്നു.

ബിജെപി യിൽ ചേരാനുള്ള പ്രധാന കാരണം നരേന്ദ്രമോദിയോടുള്ള ബഹുമാനവും ആദരവും തന്നെ. തികച്ചും അഴിമതിമുക്തനായ ഒരു ഭരണാധികാരിയാണ് നരേന്ദ്രമോദി എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. നമ്മുടെ രാജ്യത്ത് ഏതു നേതാവും അഴിമതിക്ക് വശംവദനാകുന്നത് ഭാര്യയും മക്കളും ഉൾപ്പെടുന്ന തൻറ്റെ കുടുംബത്തിനുവേണ്ടി സമ്പാദിച്ചു കൂട്ടാനാണ്. നരേന്ദ്രമോദിയെ സംബന്ധിച്ചടത്തോളം ഇതിൻറ്റെ ആവശ്യം വരുന്നില്ല. പതിമൂന്നാം വയസ്സിൽ അന്നത്തെ ആചാരം അനുസരിച്ചു നടത്തിയ ഒരു ബാലവിവാഹത്തിനു നിന്നുകൊടുത്തുവെന്നല്ലാതെ അദ്ദേഹത്തിൻറ്റെ ജീവിതത്തെ സ്വാധീനിക്കാൻ ഭാര്യയോ മക്കളോ ഇല്ലായെന്നത് ആർക്കാണറിയാത്തത്. മദ്യപാനം പുകവലി മുതലായ ഒരു ദുശീലവുമില്ല. തനി സസ്യാഹാരി. ചുരുക്കത്തിൽ പണത്തിനു വലിയ ആവശ്യങ്ങളൊന്നുമില്ല. പിന്നെയെന്തിന് അദ്ദേഹം പിച്ചച്ചട്ടിയിൽ കൈയിട്ടുവാരണം.

നോട്ടുനിരോധനം ഉൾപ്പെടെ കഴിഞ്ഞ സർക്കാർ നടപ്പാക്കിയ പല നടപടികളും മനസ്സാ സ്വീകരിച്ച ഒരു വ്യക്തിയാണ് ഞാൻ. ശരിയാണ്, demonitisation സമയത്തു എല്ലാവർക്കും ഉണ്ടായതുപോലെ എനിക്കും ചില അസൗകര്യങ്ങളുണ്ടായി. 6000 രൂപ വീതം മാറ്റിയെടുക്കാൻ മൂന്നു പ്രാവശ്യം ബാങ്കിൽ ക്യൂ നിൽക്കേണ്ടി വന്നു. 15 വർഷം സൈനീക സേവനവും 18 വർഷത്തോളം സൗദി അറേബ്യയിൽ ജോലിയും ചെയ്ത എനിക്ക് മൂന്നു തവണ ബാങ്കിൽ ക്യൂ നിൽക്കേണ്ടി വന്നത് എടുത്തുപറയത്തക്ക ഒരു അസൗകര്യമായി തോന്നിയതേയില്ല. അതേ സമയം നോട്ടു നിരോധനം എന്തിനുവേണ്ടിയാണ് എന്നു കൃത്യമായി മനസ്സിലാക്കിയ ഒരു വ്യക്തിയുംകൂടിയായിരുന്നു ഞാൻ. കൊച്ചി തുറമുഖത്തു പാകിസ്ഥാനിൽ അച്ചടിച്ച കള്ളനോട്ടുകൾ നിറച്ച കണ്ടൈനറുകൾ വന്നിരുന്നുവെന്നും അവ എങ്ങോട്ടു പോയിയെന്നു കണ്ടുപിടിക്കാൻ കഴിഞ്ഞില്ലയെന്നുമുള്ള വാർത്തകൾ എന്നിൽ വലിയ ഉദ്വേഗം ഉളവാക്കിയിരുന്നു. ആ കള്ളപ്പണം രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ഇറങ്ങിപ്പുറപ്പെട്ടവരുടെ കയ്യിലാണെത്തിച്ചേർന്നതെന്നും അത് അക്കാലത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മൗനാനുവാദമില്ലാതെ നടക്കില്ലെന്നതും എനിക്ക് ഉറപ്പായിരുന്നു.

കൊച്ചിയിൽ എത്തിയപോലെ കള്ളപ്പണം ഭാരതത്തിലെ മിക്ക സ്റ്റേറ്റുകളിലും എത്തിയിട്ടുണ്ട്. ഇതിലേറെയും റിയൽ എസ്റ്റേറ്റ് മേഖലയിലായിരുന്നു നിക്ഷേപിച്ചിരുന്നത്. വസ്തുവിനും ഫ്ലാറ്റിനും ഒക്കെ വിവിധ സ്ഥലങ്ങളിൽ ഉയർന്ന വിലയുണ്ടായിരുന്നത് ഇക്കാരണത്താലായിരുന്നു. അതോടൊപ്പം രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള പല പ്രവർത്തനങ്ങൾക്കും ഈ പണം ചെലവാക്കപ്പെട്ടു. കാഷ്മീർ താഴ്‌വരയിൽ പോലിസുകാരേയും പട്ടാളക്കാരെയും കല്ലെറിയുന്നതിനു ഒരു കല്ലിനു 1000 രൂപായുടെ ഒരു നോട്ട് വെച്ച് കൊടുത്തിരുന്നത് അറിയാമായിരുന്നെങ്കിലും നോക്കി കൈകെട്ടി നിൽക്കാനേ സർക്കാരുകൾക്ക് കഴിഞ്ഞിരുന്നുള്ളൂ. ഒരു മുന്നറിയിപ്പുമില്ലാതെ നടപ്പിലാക്കിയ നോട്ട് നിരോധനം രാജ്യത്ത് നിലവിലിരുന്ന സമാന്തര സാമ്പത്തിക വ്യവസ്ഥയുടെ അസ്ഥിവാരം തോണ്ടിയെന്നതിന് ഒട്ടും സംശയമില്ല. പാകിസ്ഥാനിൽ നിന്നും കള്ളനോട്ട് വ്യാപകമായി വന്നത് സംബന്ധിച്ചുള്ള ചില പത്രവാർത്തകൾ താഴെ കൊടുക്കുന്നു.മൻമോഹൻസിങ്ങിൻറ്റെ കാലത്തു നോട്ടടിക്കുവാനുള്ള പേപ്പർ ഇറക്കുമതി ചെയ്യുന്നതിന് ബ്രിട്ടനിലെ ഒരു കമ്പനിയുമായിട്ടാണ് കരാറിലേർപ്പെട്ടിരുന്നത്. കള്ളനോട്ട് അടിക്കുവാൻ പാകിസ്ഥാനും പേപ്പർ ഇറക്കുമതി ചെയ്തിരുന്നത് ഈ കമ്പനിയിൽക്കൂടിയായിരുന്നു. അതുകൊണ്ടുതന്നെ പാകിസ്താനിൽ നിന്നും വന്നിരുന്ന കള്ളനോട്ടും ഇന്ത്യയിൽ അടിച്ചിരുന്ന നോട്ടും തമ്മിൽ ഒരു വത്യാസവും ഇല്ലായിരുന്നു. ഇന്ത്യൻ കറൻസി അടിക്കുന്നതിനുവേണ്ടി മൂന്നു മിൻറ്റുകൾ കറാച്ചിയിൽ പ്രവർത്തിച്ചിരുന്നത് നോട്ടുനിരോധനം പ്രഖ്യാപിച്ചതിൻറ്റെ അടുത്ത ദിവസം തന്നെ പൂട്ടിക്കെട്ടേണ്ടിവന്നു. നോട്ട് നിരോധനം കാലഘട്ടത്തിൻറ്റെ ആവശ്യമായിരുന്നു. അത് നടപ്പിലാക്കാൻ ചങ്കൂറ്റം കാണിച്ച നരേന്ദ്രമോദിയോട് വലിയ ബഹുമാനവും ആദരവും തോന്നിയിരുന്നു.

പാകിസ്ഥാന് ഇന്ത്യയുടെ ഭാഗത്തുനിന്നും ഏറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു അത്. ഇങ്ങിനെയൊരു തീരുമാനത്തിലേക്ക് ഇന്ത്യ എത്തുമെന്ന് അവർ സ്വപ്നേപി കരുതിയിരുന്നില്ല. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളിൽ നടന്നതുപോലെ ഇന്ത്യ എന്നും മുന്നണി സർക്കാരുകളാൽത്തന്നെ ഭരിക്കപ്പെടുമെന്നും നോട്ടുനിരോധനം പോലെയുള്ള കടുത്ത തീരുമാനങ്ങൾ എടുക്കാൻ സഖ്യകക്ഷികൾ ഒരിക്കലും അനുവദിക്കില്ലായെന്നും അവിടുത്തെ പട്ടാളവും ഭരണാധികാരികളും വിശ്വസിച്ചു പോന്നു. ബിജെപി സർക്കാർ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയെങ്കിലും ഇങ്ങിനെയുള്ള ഉറച്ച നടപടികളെടുത്തു അടുത്ത തെരഞ്ഞെടുപ്പിൽ സ്ഥിതി ദുർബ്ബലമാക്കാതെ ഭരണത്തുടർച്ച ഉണ്ടാവാനുമുളള പ്രായോഗികശൈലിയാകും സ്വീകരിക്കുകയെന്നും അവർ കണക്കുകൂട്ടി. പക്ഷേ നരേന്ദ്രമോദി അവരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു.

ബിജെപി ഒരു വർഗ്ഗീയപ്പാർട്ടിയാണെന്നുള്ള വാദത്തിൽ എനിക്കു ഒട്ടും വിശ്വാസമില്ല. ന്യൂനപക്ഷ വോട്ടുബാങ്കിനെ തെറ്റിദ്ധരിപ്പിക്കാനും പ്രീണിപ്പിക്കാനുമുള്ള ഒരുപാധിയായെ ഞാൻ അതിനെകാണുന്നുള്ളൂ. ഇവർ ഗാന്ധിജിയുടെ ഘാതകരല്ലേ അവരുമായി ചങ്ങാത്തം കൂടാമോയെന്നു ചോദിക്കുന്നവരുമുണ്ട്. ഇത് ഗാന്ധിജിയുടെ പേരിൽ ഗാന്ധിശിഷ്യന്മാരെന്ന് അവകാശപ്പെടുന്നവർ നടത്തുന്ന അനേകം തട്ടിപ്പുകളിൽ ഒന്നായേ ഞാൻ കാണുന്നുള്ളൂ. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ ഭരണത്തിനു ശേഷം മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ വന്ന ജനതാപാർട്ടിസർക്കാരിന് പൂർണ്ണമായ പിന്തുണ കൊടുക്കുകയും ഭാരതത്തിലെ ആദ്യ കോൺഗ്രസ്സേതര സർക്കാരിനെ വലിയ പ്രതീക്ഷയോടുകൂടി കാണുകയും നെഞ്ചോടു ചേർത്ത്‌ വെക്കുകയും ചെയ്ത കോടിക്കണക്കിനു ചെറുപ്പക്കാരിൽ ഒരാളായിരുന്നു ഞാൻ. ഇന്നത്തെ ബിജെപി യുടെ ആദ്യകാലരൂപമായിരുന്ന ജനസംഘം കൂടി ചേർന്നായിരുന്നു അന്ന് ജനതാപാർട്ടി ഉണ്ടായത്. അന്ന് അവർക്കില്ലാതിരുന്ന വർഗ്ഗീയത 1980 ൽ ജനതാപാർട്ടി തകർന്നതിനു ശേഷം അതിലെ ഘടകമായിരുന്ന ജനസംഘം ബിജെപി യെന്ന പേരിൽ ഉയർത്തെഴുന്നേറ്റപ്പോൾ വന്നുചേർന്നുവെന്നത് വിശ്വാസയോഗ്യമല്ല. ജനസംഘത്തിന്റെ ഹിന്ദു രാഷ്ട്രവാദത്തെ തിരസ്കരിച്ചുകൊണ്ടായിരുന്നു ബിജെപി 1980 ൽ പുനർജ്ജനിച്ചത്. ഒപ്പം ഗാന്ധിയൻ സോഷ്യലിസത്തെ ആശ്ലേഷിക്കുകയും ചെയ്തു.

ബിജെപി യുടെ ഇപ്പോഴത്തെ പ്രകടനപത്രികയിൽ എടുത്തു പറയുന്ന ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി നിർത്തലാക്കുന്നതിനെക്കുറിച്ചും യൂണിഫോം സിവിൽകോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ചുമുളള വാഗ്ദാനങ്ങൾ എനിക്ക് വലിയ പ്രത്യാശ നൽകുകയും ചെയ്യുന്നു. കഴിഞ്ഞ തവണത്തെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പൂർണ്ണമായും നടപ്പാക്കിക്കൊണ്ട് പ്രകടനപത്രികകൾ അലങ്കാരത്തിനുവേണ്ടിയല്ലാ മറിച്ചു നടപ്പിലാക്കാൻ തന്നെയുള്ളതാണെന്ന് ബിജെപി തെളിയിക്കുകയും ചെയ്തു.

കോളേജ് വിദ്യാഭ്യാസ സമയത്തു കെ.എസ്.എഫിൽ ആയിരുന്നുവല്ലോ സൗദിയിലായിരുന്നപ്പോൾ നവോദയയുടെ സജീവ പ്രവർത്തകനായിരുന്നുവല്ലോ എന്നൊക്കെ എന്റെ ഭൂതകാലം അറിയാവുന്നവർ ചോദിക്കുന്നുണ്ട്. ശരിയാണ് എന്റെ മനസ്സിൽ ഇപ്പോഴും കമ്മ്യുണിസവും ഇടതുപക്ഷ ചിന്താഗതികളും ആഴത്തിൽ വേരൂന്നിയിട്ടുണ്ട്. അത് പറിച്ചുകളയുക എളുപ്പവുമല്ല. പക്ഷെ ഈ ആശയങ്ങൾ മുറുകെപ്പിടിക്കുന്ന ഒരു നാഷണൽ പാർട്ടിയെ ഇതേവരെ കണ്ടെത്താൻ പറ്റിയിട്ടില്ലായെന്നതാണ് വാസ്തവം. എ.കെജി, ഇ.എം.എസ്, ഹർകിഷൻ സിംഗ് സുർജിത്, എം.എൻ ഗോവിന്ദൻ നായർ, അച്ചുതമേനോൻ, പി.കെ വാസുദേവൻ നായർ, നായനാർ, പാലോളി മുഹമ്മദ് കുട്ടി മുതലായവരുടെ കാലശേഷം ഒരു കമ്യുണിസ്‌റ്റ് പാർട്ടിയിലും അൽമാർത്ഥതയുള്ള നേതാക്കളെ കാണാൻ കഴിഞ്ഞില്ല. നേതാക്കളുടെ ആ നിരയിലെ അവസാനത്തെ ആളായി വി.എസ്സിനെ കണ്ടേ പറ്റൂ. ഇപ്പോഴത്തെ നേതാക്കന്മാരുടെ ശൈലി ഒട്ടും ഉൾക്കൊള്ളുവാൻ പറ്റുന്നില്ല. തന്നെയല്ല, വെസ്റ്റ് ബംഗാളിൽനിന്നും ത്രിപുരയിൽനിന്നുമൊക്കെ തിരസ്കൃതമായ കമ്മ്യുണിസ്റ്റ് പാർട്ടികൾ കേരളത്തിലെ പ്രാദേശികപാർട്ടികളുടെ നിലയിലേക്ക് മാറിയ സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയത്തിൽ ചില കലക്കങ്ങൾ അവിടെയും ഇവിടെയുമൊക്കെ നടത്താൻ ചെറിയ സംഭാവനകൾ നൽകാൻ ഈ പാർട്ടികൾക്കു സാധിച്ചെന്നു വരികിലും രാഷ്ട്ര പുനഃനിർനിർമ്മാണപ്രക്രിയയിൽ എന്തെങ്കിലും പങ്കു വഹിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല.

അന്ധമായ മോദി വിരോധവും ഏതു വിധത്തിലും ബിജെപി യെ അധികാരത്തിൽ നിന്നും മാറ്റിനിർത്തണമെന്ന തീവ്രമായ ആഗ്രഹവും പ്രതിപക്ഷത്തിനുണ്ടാകുന്നത് മനസ്സിലാക്കാവുന്ന കാര്യം തന്നെയാണ്. പക്ഷെ, അതിന്റെ പേരിൽ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുന്നതിന് അറിഞ്ഞോ അറിയാതെയോ കൂട്ടുനിൽക്കരുത്; ബി,ജെ.പിയെ പിന്തുണക്കുകയാണ് ഈ അവസരത്തിൽ ചെയ്യേണ്ടത് എന്നൊരു തിരിച്ചറിവ് എനിക്കുണ്ടാകുവാൻ മേൽവിവരിച്ച കാര്യങ്ങൾ കരണമായിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. തന്നെയല്ലാ, ബി.ജെ.പി ഒരു വർഗ്ഗീയപ്പാർട്ടിയാണെന്നുള്ള പ്രചാരണവും അഴിമതിവിരുദ്ധനായ നരേന്ദ്ര മോഡിയെ അഴിമതിക്കാരനെന്നു ചിത്രീകരിച്ചതും സത്യത്തെ മറച്ചുവെച്ചു അസത്യം വിളമ്പി മോദി വിദ്വേഷം പരത്താനുള്ള കുടില തന്ത്രമായി മാത്രമേ എനിക്കു കാണാൻ കഴിഞ്ഞുള്ളു . ഭാരതത്തിലെ മഹാഭൂരിപക്ഷം സാധാരണക്കാർ സത്യം തിരിച്ചറിയുമെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. "ചൗക്കിദാർ ചോർ ഹൈ" എന്ന മുദ്രാവാക്യം വ്യക്തിഹത്യ ലക്ഷ്യമാക്കിയായിരുന്നുവെന്നു പകൽപോലെ വ്യക്തമാണ്.

എയർഫോഴ്സിൽ ആയിരുന്നപ്പോഴും ബാംഗ്ലൂർ ഇൻറ്റർനാഷണൽ എയർപോർട്ടിൽ സീനിയർ മാനേജർ ആയിരുന്നപ്പോഴും രാഷ്ട്രീയ നിലപാടുകൾ പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയിലും അംഗത്വമെടുത്തിരുന്നില്ല. ആ കാലങ്ങളിൽ ഏതെങ്കിലും പാർട്ടിയിലെ അംഗത്വം അനുചിതമായിരിക്കും എന്നുള്ള ചിന്തതന്നെയാണ് അതിനു കാരണം. വിശ്രമജീവിതത്തിൻറ്റെ ഈ ഘട്ടത്തിൽ അങ്ങിനെയുള്ള ഒരു നിയന്ത്രണങ്ങളും സ്വയം അടിച്ചേൽപ്പിക്കേണ്ട ആവശ്യമില്ലായെന്നും തോന്നി. 2019 ഏപ്രിൽ 16 നു ഞാൻ ബി.ജെ.പിയിൽ അംഗത്വം എടുത്തു. അങ്ങിനെ അറുപത്തിയാറാം വയസ്സിൽ ജീവിതത്തിൽ ആദ്യമായി ഒരു രാഷ്ട്രീയപ്പാർട്ടിയിൽ അംഗമായി ചേർന്നു. അത് ബിജെപിയിൽ ആയത് അങ്ങേയറ്റം അഭിമാനപരമായും കണക്കാക്കുന്നു.