mathews.jacob@mail.com

+91 88910 52375

Blog of Mathews Jacob

ഉറപ്പാണ് എൽ.ഡി.എഫ് 2026-ലും


Mathews Jacob
03-May-2021

2021 ഏപ്രിൽ 6 നു നടന്ന തെരഞ്ഞെടുപ്പിൻറ്റെ ഫലം ഇന്നലെ പുറത്തുവന്നു. മിക്കവാറും എല്ലാ സർവ്വേകളും എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നതുപോലെ പിണറായി വിജയൻ സർക്കാരിന് തുടർഭരണം യാഥാർഥ്യമായി. CPI(M) ൻറ്റേയും മുന്നണിയുടേയും നിയമസഭയിലെ സീറ്റുകൾ വർധിപ്പിച്ചുകൊണ്ടുള്ള ഈ വിജയം എന്തുകൊണ്ടും തിളക്കമാർന്നതാണ്. ക്യാപ്റ്റൻ എന്ന നിലയിൽ ഈ വിജയത്തിൻറ്റെ ക്രെഡിറ്റ് പിണറായി വിജയനുള്ളതാണ്‌. തീർച്ചയായും ഈ ദുർഘടഘട്ടത്തിൽ അദ്ദേഹത്തിൽ കേരളജനത അർപ്പിച്ച വിശ്വാസംതന്നെയാണ് ഈ ഗംഭീര വിജയത്തിനു വഴിയൊരുക്കിയത്.

ബിജെപിക്കു ഒരു സീറ്റ് ഉണ്ടായിരുന്നത് നഷ്ടപ്പെട്ടു. ഉണ്ടായിരുന്ന ഒരേയൊരു താമര വാടിക്കൊഴിഞ്ഞുപോയി. എങ്കിലും അഭിമാനിക്കാൻ ധാരാളം വകയുണ്ട്. പാലക്കാട് അവസാനം വരേയും ഉദ്വേഗം നിലനിർത്തുവാൻ കഴിഞ്ഞു. എതിരാളിയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞു. തൃശൂരും നേമത്തും ഒരു ഘട്ടം വരേയും ഈ ഉദ്വേഗം നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, കോൺഗ്രസ്സിനെ അധികാരത്തിൽനിന്നും അകറ്റിനിർത്തുക, കഴിയുന്നിടത്തോളം ദുർബ്ബലമാക്കുക എന്നൊക്കെയുള്ള ബിജെപി യുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ പൂർണ്ണമായും കേരളത്തിൽ സാക്ഷാൽക്കരിക്കപ്പെട്ടു. കോൺഗ്രസ് കേരളത്തിലും പഞ്ചാബിലും വിരലിലെണ്ണാവുന്ന മറ്റുചില സംസ്ഥാനങ്ങളിലും മാത്രമേ അൽപ്പമെങ്കിലും അവശേഷിച്ചിരുന്നുള്ളൂ. അതുകൊണ്ടാണല്ലോ രാഹുൽഗാന്ധി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുപിയിൽ നിന്നും പാലായനം ചെയ്ത് കേരളത്തിലെത്തി മത്സരിച്ചത്. ഇപ്പോൾ കേരളത്തിലും പാർട്ടി നാമാവശേഷമായി. ഉയർത്തെഴുന്നേൽക്കുമെന്നൊക്കെ പറയുന്നെണ്ടെങ്കിലും കോൺഗ്രസ്സ് ഇല്ലാതായ സംസ്ഥാനങ്ങളിൽ വലിയ തിരിച്ചുവരവുകളൊന്നും ഇതേവരെ ഉണ്ടായിട്ടില്ല. വെസ്റ്റ് ബംഗാളിൽ 2016 ലെ തിരഞ്ഞെടുപ്പിൽ 44 സീറ്റിൽ വിജയിച്ച കോൺഗ്രസ്സ് ഇത്തവണ സംപൂജ്യരായിയെന്നുള്ളത് കോൺഗ്രസ്സിൻറ്റെ ഉയർത്തെഴുനേൽപ്പ്മോഹങ്ങൾ പെട്ടെന്നു യാഥാർഥ്യമാകില്ലായെന്നു ചൂണ്ടിക്കാട്ടുന്നു.

ഈ തെരഞ്ഞെടുപ്പ്‌ ബിജെപിക്ക് വലിയ പ്രതീക്ഷകൾ നൽകുന്നു. കേരളത്തിൽ ഒരു സീറ്റിലും ജയിക്കാൻ പറ്റിയില്ലെങ്കിലും മറ്റ്‌ സംസ്ഥാനങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. തമിള്‍നാട്ടിൽ നാല് സീറ്റിൽ വിജയിച്ചുവെന്ന് മാത്രമല്ല സാക്ഷാൽ കമൽഹാസനെത്തന്നെ കോയമ്പത്തൂരിൽ തോല്പിച്ചുവെന്നത് വലിയ നേട്ടം തന്നെയാണ്. പോണ്ടിച്ചേരിയിൽ വ്യക്തമായ ഭൂരിപക്ഷം നേടി അധികാരം പിടിച്ചെടുത്തു. വെസ്റ്റ് ബംഗാളിൽ കഴിഞ്ഞ സഭയിലുണ്ടായിരുന്ന 3 സീറ്റ്‌ 77 ലേക്ക്‌ ഉയർത്തുവാൻ കഴിഞ്ഞു. നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമ്താ ബാനർജിയെ തോൽപ്പിച്ചതും ഒരു വലിയ ശക്തിപ്രകടനമായി കാണണം. ആസ്സാമിൽ കഴിഞ്ഞ ഭരണത്തിൽ ഉണ്ടായിരുന്നതിനേക്കാൾ ആറ്‌ സീറ്റുകൾ കൂടുതൽ നേടി അധികാരം നിലനിർത്താനും കഴിഞ്ഞു. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ കേരളമൊഴിച്ചുള്ളവയിലെല്ലാം ബിജെപി വോട്ടുനിലയിലും സീറ്റുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാക്കിയെന്നുള്ളത് പാർട്ടിക്ക് അഭിമാനകരമാണ്.

കേരളത്തിൽ ഉണ്ടായിരുന്ന ഒരു സീറ്റ് നിലനിർത്താൻ കഴിയാതിരുന്നത് ബിജെപിക്കു തിരിച്ചടിയാണെങ്കിലും 2024 ൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒരു കാരണവശാലും ഒന്നിക്കാൻ ഇടതു കക്ഷികൾക്കും കോൺഗ്രസ്സിനും കഴിയാത്ത സാഹചര്യത്തിലേക്ക് എത്തിച്ചുവെന്നത് ബിജെപിക്കു കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാമൂഴം എളുപ്പമാക്കും. കേരളജനത തന്നിലർപ്പിച്ച വിശ്വാസത്തിനു ഏതെങ്കിലും തരത്തിൽ ഹാനി സംഭവിക്കാൻ രണ്ടാം പിണറായി സർക്കാർ അനുവദിക്കുകയില്ല. മുൻസ്‌പീക്കർ കെ.രാധാകൃഷ്ണനെപ്പോലെയുള്ള സംശുദ്ധ വ്യക്തിത്വങ്ങൾ മന്ത്രിസഭയുടെ ശോഭ കൂട്ടുകയും ചെയ്യും. സർക്കാർ തെറ്റുകൾ തിരുത്തി കൂടുതൽ ജനകീയമായ നയപരിപാടികൾ ആവിഷ്കരിക്കും. അങ്ങിനെ വന്നാൽ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സിനു സീറ്റുകൾ കുറയും. അത് ബിജെപിക്കു അനുകൂലഘടകമായി മാറുകയും ചെയ്യും. സ്വാഭാവികമായും 2026 ലും ഇടതുസർക്കാർതന്നെ അധികാരത്തിൽ വരട്ടെയെന്നു ബിജെപി ആഗ്രഹിച്ച് കോൺഗ്രസ്സിനെ ദുർബ്ബലപ്പെടുത്തുണമെന്നുള്ള നയം വർദ്ധിച്ച വീര്യത്തിൽ നടപ്പിലാക്കിയാൽ കുറ്റപ്പെടത്താനൊക്കുകയില്ലല്ലോ! ആത്യന്തികമായി കേന്ദ്രത്തിൽ ബിജെപിയുടെയും കേരളത്തിൽ എൽ.ഡി.എഫിൻറ്റേയും തുടർഭരണങ്ങൾ ഭാരതത്തിനും കേരളത്തിനും ഒരുപോലെ ഗുണകരമാവുമെന്നു പ്രതീക്ഷിക്കാം.

എൽഡിഎഫ് അധികാരത്തിൽ വന്നാലും കുഴപ്പമില്ല പക്ഷെ യുഡിഎഫിനെ ദുർബ്ബലമാക്കുകയും കോൺഗ്രസ്സിനെ ഇല്ലാതാക്കുകയും ചെയ്യണമെന്നുള്ള ബിജെപി അഖിലേന്ത്യാ നേതൃത്വത്തിൻറ്റെ നയം കേരളത്തിലെ സാധാരണ ബിജെപി പ്രവർത്തകരിൽ ചിലർക്ക് ഒരു പക്ഷെ ഉൾക്കൊള്ളാൻ പ്രയാസമാകും. അവർക്ക് പിണറായി വിജയനെയും എം.എം മണിയെയും കെ.ടി ജലീലിനെയുംകാൾ സ്വീകാര്യർ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒക്കെയാവും. വ്യക്തിപരമായി എനിക്കും അതേ വികാരം തന്നെയാണുണ്ടായിരുന്നത്. പക്ഷെ, ഒരോ ബിജെപി പ്രവർത്തകനും ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്. കേന്ദ്രസർക്കാരിന് ഇടതുപക്ഷം ഒരുതരത്തിലുള്ള ഭീഷണിയും ഉയർത്തുന്നില്ല. അവർ എവിടെയെല്ലാം നിർണ്ണായക ശക്തികളായിരുന്നോ അവിടെയെല്ലാം സ്വയം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലും അതുതന്നെ സംഭവിക്കും. അതിന് ബിജെപിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രത്യേക ഇടപെടലുകളുടെ ആവശ്യമില്ല. കോൺഗ്രസ്സ് അങ്ങിനെയല്ല. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ വളർച്ചക്ക് തടയിടാൻ കഴിഞ്ഞ രണ്ടു ദശകങ്ങളായി അക്ഷീണം പരിശ്രമിച്ചുകൊണ്ടിരുന്ന പാർട്ടിയാണ്. അവരുടെ സാന്നിധ്യം മറ്റു പല സംസ്ഥാനങ്ങളിലുമുണ്ട്താനും. 2002 മുതൽ നരേന്ദ്രമോദിയെ ലക്ഷ്യം വച്ച് അദ്ദേഹത്തെ ഒരു വർഗ്ഗീയവാദിയെന്ന മുദ്രകുത്തി അദ്ദേഹത്തിന്റെയും ബിജെപിയുടെയും ഉയർച്ചക്ക് തടയിടാൻ ശ്രമിച്ച പാർട്ടിയാണ് കോൺഗ്രസ്സ്. പൗരത്വ ഭേദഗതി ബില്ലിന്റെയും കർഷക ബില്ലെന്റെയും സമയത്ത് ഇടതും വലതും യോജിച്ചുകൊണ്ട് പ്രത്യേക നിയമസഭാ സമ്മേളനങ്ങൾ വിളിച്ചുകൂട്ടി ബിജെപിക്കും മോദി സർക്കാരിനും എതിരായി വലിയ നീക്കങ്ങൾ നടത്തുവാൻ ഇവർ തുനിഞ്ഞത് ഒരിക്കലും മറക്കരുത്. അതുകൊണ്ട് രണ്ടുകൂട്ടരോടും ഒട്ടും കരുണ തോന്നേണ്ട കാര്യമില്ല; സൗകര്യം ഒത്തുവരുമ്പോൾ അവരുടെ പതനത്തിന് ചെയ്യുവാൻ കഴിയുന്നതൊക്കെ ചെയ്യുകയെന്നതാണ് നമ്മുടെ ധർമ്മം.