mathews.jacob@mail.com

+91 88910 52375

Blog of Mathews Jacob

ചില മതാതീത ചിന്തകൾ


Mathews Jacob
24-Mar-2021

0 results
മതം മനുഷ്യന്റെ ഒരു പ്രശ്നങ്ങക്കും പരിഹാരം കണ്ടിട്ടില്ലായെന്നും എന്നാൽ മനുഷ്യൻ ഇന്നു നേരിടുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും കാരണം മതമാണെന്നും ഫേസ്ബുക്കിൽ ഒരു സുഹൃത്തിന്റെ പോസ്റ്റിനു comment ആയി കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. ആ comment ഇടുമ്പോൾത്തന്നെ ഇത് ഒരു ചർച്ചയായി പരിണമിക്കുമെന്നറിയാമായിരുന്നു. പ്രതീക്ഷിച്ചതുപോലെ പല സുഹൃത്തുക്കളും ബന്ധുക്കളും വിളിച്ച് പ്രതിഷേധം അറിയിച്ചു. അതുകൊണ്ട് ഒരു വിശദീകരണം ആവശ്യമായി വന്നിരിക്കുന്നു.

“From religion we should graduate to spirituality.” Dr. A.P.J Abdul Kalam പ്രസിഡന്റ്‌ ആയിരിക്കുന്ന സമയത്ത് കേരളത്തിൽ വന്നപ്പോൾ നടത്തിയ ഒരു പ്രസംഗത്തിൽ അദ്ദേഹം ഉദ്ധരിച്ചതാണിത്. മതത്തിൽ നിന്നും ആത്മീയതയിലേക്ക് നാം വളരേണ്ടിയിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞു വച്ചത്. മതത്തിന്റെ ഒരേയൊരു ഗുണവശം ഇതാണെന്നാണ് എന്റെ വിശ്വാസം. ഒരു വ്യക്തിയെ ആത്മീയതയിലേക്കു കൈപിടിച്ചുയർത്താൻ കെൽപ്പുള്ള പ്രസ്ഥാനങ്ങളാണ് എല്ലാ മതങ്ങളും. മതങ്ങൾക്ക് സാധിക്കാത്തത് ആത്മീയതയ്ക്ക് സാധിക്കുന്നുണ്ട്. ലോകത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാൻ ആത്മീയതയ്ക്കു കഴിയും.

പക്ഷെ, മതത്തിന്റെ പുറന്തോട് പൊളിച്ചു ആത്മീയതയിലേക്ക് പ്രവേശിക്കാൻ നാം മടിക്കുന്നു, ഭയക്കുന്നു. മതത്തിൽ നിന്നും ആല്മീയതയിലേക്കു വളരുവാൻ നമുക്ക് കഴിയുന്നില്ലായെന്നതുതന്നെയല്ലേ നമ്മുടെ ദുര്യോഗം. മതവുമായി നമ്മെ ബന്ധിപ്പിച്ചിരിക്കുന്ന കയർ പൊട്ടിച്ചെറിഞ്ഞു സ്വതന്ത്രനായി ആല്മീയതയിലേക്കു പ്രവേശിക്കുന്നതിനു പകരം ആ കയറുകൊണ്ട് കൂടുതൽ കൂടുതൽ കുരുക്കുകൾ സൃഷ്ടിച്ചു മോചനം അസാധ്യമാക്കുകയല്ലേ നാം സത്യത്തിൽ ചെയ്യുന്നത്?

Graduation കഴിഞ്ഞിട്ടും മതത്തിന്റെ പൊളിഞ്ഞ പുറന്തോടിൽ ഒളിഞ്ഞിരിക്കാൻ ശ്രമിക്കുന്ന മനുഷ്യരെയാണ് മതങ്ങളിൽ നാം കാണുന്നത്. സ്‌കൂളിൽ നിന്നും പാസ്സായി കോളേജിൽ ചേർന്ന വിദ്യാർത്ഥി കോളേജിലെ ക്‌ളാസ്സിൽ കയറാതെ സ്‌കൂളിന്റെ ചുറ്റുവട്ടത്തുതന്നെ കറങ്ങി നടക്കുന്ന ഒരവസ്ഥ. മതങ്ങളുടെ പൗരോഹിത്യം അഥവാ മത നേതൃത്വം ഇതിനെ പ്രോത്സാഹപ്പിക്കുന്നു എന്നതാണ് വ്യക്തികളുടെ ആത്മീയവളർച്ചയ്ക്കുള്ള പ്രധാന തടസ്സം. മത നേതൃത്വം വ്യക്തിയെ അങ്ങിനെ നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ല. പലവിധമായ അന്ധവിശ്വാസങ്ങളിൽ വ്യക്തിയെ തളച്ചിട്ട് അവൻറെ മതം വിട്ട് ആത്മീയതയിലേക്കുള്ള ഉയർച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു. മത കാര്യസ്ഥർ മതത്തെ കച്ചവട സ്ഥാപനങ്ങളാക്കി മാറ്റി. അവരുടെ നിലനിൽപ്പിന് ഇതാവശ്യവുമാണ്. ശ്‌മശാനത്തിലെ ആറടി മണ്ണും മതത്തിന്റെ അഥവാ സഭയുടെ ഏതെങ്കിലും സ്ഥാപനത്തിൽ ജോലിയും ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് പഠിക്കുവാൻ അവസരവും ഒക്കെ പ്രലോഭനങ്ങളായി വ്യക്തിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു.

ഏതെങ്കിലും മതത്തിൽ അംഗത്വമെടുത്താൽ മരണാനന്തരം സ്വർഗ്ഗത്തിൽ എത്താനുള്ള പാസ്പ്പോർട്ട് ആയിയെന്നു ഞാൻ വിശ്വസിക്കുന്നില്ല. മതത്തിൽ വിശ്വസിക്കണോ ദൈവത്തിൽ വിശ്വസിക്കണോയെന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. മതം മനുഷ്യന് അത്ര അത്യാവശ്യമുള്ള ഒരു കാര്യമല്ലായെന്നു കരുതുന്നവരിലും ഉറച്ച ദൈവവിശ്വാസികളുണ്ടാവും. ഒരു വ്യക്തിയുടെ ദൈവം എന്ന സങ്കല്പം അവന്റെ ഉള്ളിന്റെ ഉള്ളിൽ അവനറിയാതെ തന്നെ രൂപപ്പെടുന്നതല്ലേ. ഒരു വ്യക്തിയും ദൈവവുമായുള്ള ബന്ധത്തിന് മതവും പുരോഹിതരും ഒക്കെ ജീവിതത്തിലുടനീളം അനിവാര്യമാണോ. മതത്തിന്റെയും പുരോഹിതരുടെയും ഇടപെടൽ ഇല്ലാതെ ഒരു വ്യക്തിക്ക് ഈശ്വര സാക്ഷാൽക്കാരം സാധിക്കില്ലേ?

മതത്തിന്റെ അതിർ വരമ്പുകളില്ലാത്ത ഒരു ലോകത്തെക്കുറിച്ചു സങ്കല്പിക്കുവാൻ ചെറുപ്പം മുതൽ എൻറെ മനസ്സ് വെമ്പുന്നുണ്ട്. എല്ലാവരും സഹോദരീ സഹോദരങ്ങൾ… മാനവികത എന്ന മതം മാത്രം. വിവിധങ്ങളായ ഈശ്വര സങ്കല്പങ്ങൾ ഉള്ള സഹോദരങ്ങൾ പരസ്പരം കലഹിക്കാതെ കഴിയുന്ന ഭവനങ്ങൾ ആയിരുന്നു നമ്മുടേതെങ്കിൽ നമ്മുടെ നാട് ദൈവത്തിൻറെ സ്വന്തം നാടു തന്നെ ആകുമായിരുന്നില്ലേ! എങ്കിൽ നാം ജീവിക്കുന്ന ഈ ലോകം എത്ര സുന്ദരമായേനേ! ഇഹലോകവാസം എത്ര സന്തോഷപ്രദമായേനെ!

ഒരു മതത്തിൽ പിറന്നു വീണതു കൊണ്ടുമാത്രം അവിടെത്തന്നെ നിൽക്കുന്നവരല്ലേ നാമെല്ലാവരും. എങ്കിൽ, എൻറെ മതം മാത്രമാണ് ശരി മറ്റു മതങ്ങൾ ശരിയല്ലായെന്നു പറയുന്നവരെ ഒറ്റപ്പെടുത്തുകയല്ലേ കാലത്തിന്റെ ആവശ്യം?

എനിക്ക് എല്ലാ മതങ്ങളോടും ബഹുമാനമുണ്ട്. ഹിന്ദുയിസത്തോടും ഹിന്ദുക്കളോടും സത്യത്തിൽ കൂടുതൽ ബഹുമാനമുണ്ട്; അവരുടെ വലിയ മനസുകൊണ്ടാണല്ലോ മറ്റു മതങ്ങൾ ഈ മണ്ണിൽ തഴച്ചു വളരാൻ ഇടയായത്.

മകനോ/കൊച്ചുമകനോ മകളോ/കൊച്ചുമകളോ മറ്റേതെങ്കിലും മതത്തിലുള്ള വ്യക്തിയെ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ചാൽ നമ്മുടെ നിലപാട് എന്തായിരിക്കും. (എൻറ്റെ മക്കൾക്ക് തിരിച്ചറിവ് ആയ സമയത്തുതന്നെ അവർ ആഗ്രഹിക്കുന്ന വ്യക്തിയെ, മതമേതായാലും, ജീവിതപങ്കാളി ആക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട് എന്ന് ഞാൻ വ്യക്തമാക്കിയിരുന്നു. അവർ രണ്ടു പേരും ആ അനുവാദം ഉപയോഗിച്ചില്ല അഥവാ ദുരുപയോഗിച്ചില്ല എന്നതാണ് വസ്തുത.) കുറേ നൂറ്റാണ്ടുകൾക്കു മുൻപ് നമ്മുടെ ഒരു മുതുമുത്തച്ഛൻ ഹിന്ദുമതം ഉപേക്ഷിച്ചു ക്രൈസ്തവമതം സ്വീകരിക്കാൻ ഒരുങ്ങിയപ്പോൾ അത്ര വലിയ എതിർപ്പൊന്നും ആ മുതുമുത്തച്ഛന്റെ പിതാവോ പിതാമഹനോ കാട്ടിയിട്ടുണ്ടാവില്ല. "നിനക്ക് അതാണ് ഉചിതമായി തോന്നുന്നതെങ്കിൽ അങ്ങിനെ ആയിക്കോട്ടെ" എന്ന് പറഞ്ഞിട്ടുണ്ടാവും! ഈ മഹാമനസ്കത തീർച്ചയായും നമ്മുടെയെല്ലാം രക്തത്തിലുണ്ട്! സത്യത്തിൽ നമ്മളാരും ഇപ്പോൾ ജീവിക്കുന്നതുപോലെ ഒരു മതമാണ് ശരിയെന്നു ഉരുവിട്ടുകൊണ്ടു മണ്ടശിരോമണികളായി ജീവിക്കേണ്ടവരല്ല. നമ്മുടെ പാരമ്പര്യം അതല്ല.

എന്നാൽ, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകണമെന്നാഗ്രഹിക്കുന്ന ഒരു ചെറിയ വിഭാഗം ഹിന്ദുക്കളോടു എനിക്കു പരമ പുച്ഛമാണ്. ഇത് പറയുമ്പോൾ തന്നെ ഒരു തിരിച്ചറിവു കൂടി പങ്കു വെയ്ക്കണം- ഹിന്ദുക്കൾ ഈ രാജ്യത്തെ ഭൂരിപക്ഷമായതാണ് ഇന്ത്യ ഒരു മതേതര രാഷ്ട്രമായി ഇപ്പോഴും നിലനിൽക്കാൻ കാരണം. മറ്റേതെങ്കിലും മതമായിരുന്നു ഇവിടുത്തെ ഭൂരിപക്ഷ മതമെങ്കിൽ ആ മതത്തിന്റെ രാഷ്ട്രമായി ഇന്ത്യ എന്നേ മാറുമായിരുന്നു! നിർഭാഗ്യവശാൽ ഹിന്ദുക്കളുടെ മഹാമനസ്ക്കതയെയും മറ്റു മതങ്ങളെ ഉൾക്കൊള്ളുവാനുള്ള ഹൃദയവിശാലതയെയും കുറിച്ചു പറയുന്നവരെ സംഘി എന്നു വിളിച്ചു ആക്ഷേപിക്കുന്നതാണ് പരിഷ്‌കാരം എന്നു തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതിലേറെ ദൗർഭാഗ്യകരമായ കാര്യം മതം വേണ്ടാ അത് സമൂഹത്തെ വിഭജിക്കാനേ ഉപയോഗപ്പെടൂ മനുഷ്യൻ മനുഷ്യനായി ജീവിച്ചാൽ മതി എന്നൊക്കെ പറയുന്നവരെ വർഗ്ഗീയവാദി എന്ന് മുദ്രകുത്താനും വളഞ്ഞിട്ടാക്രമിക്കാനും ശ്രമിക്കുന്നുവെന്നുള്ളതാണ്. അതേസമയംതന്നെ മതത്തെ വളർത്താനും സ്വമതത്തിലേക്ക് കൂടുതൽ ആളുകളെ ചേർക്കാനും ഓരോരോ കാരണം പറഞ്ഞു വിശ്വാസികളുടെ മൃദുലവികാരങ്ങളെ ഇളക്കിവിട്ട് സമൂഹത്തിൽ അശാന്തി ശൃഷ്ടിക്കാനും ശ്രമിക്കുന്നവരെ മതേതരവാദികളായി ചിത്രീകരിക്കാനുള്ള ശ്രമവും നടക്കുന്നു. ഇത്തരം വിചിത്രമായ സമീപനങ്ങൾ അടുത്ത തലമുറയ്ക്ക് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്.

സ്വാതന്ത്ര്യലബ്ദിക്ക് മുൻപും ശേഷവും മതത്തിന്റെ പേരിൽ വലിയ രക്തച്ചൊരിച്ചിലുകൾ നടന്നിട്ടുള്ള ഒരു രാജ്യമാണ് നമ്മുടേത്. ഇനിയും അത് അവർത്തിച്ചുകൂടാ. ഒരു മതം വളർന്ന് മറ്റൊരു മതത്തെ വിഴുങ്ങുന്നത് വീണ്ടും രാജ്യവിഭജനത്തിനും അശാന്തിക്കും കാരണമാകും. ഇത് എങ്ങിനെയും ഒഴിവാക്കിയേ തീരൂ.

ഇന്ത്യ ഇസ്രായേലിനെപ്പോലെയോ പാകിസ്ഥാനെപ്പോലെയോ ഒരു മതരാഷ്ട്രമാകുകയല്ല വേണ്ടത്. ഭാരതസംസ്കാരം ഉയർത്തിപ്പിടിക്കുന്ന വിശ്വമാനവികതയിലൂന്നിയ, ഒരു മതത്തോടും പ്രത്യേക മമതയില്ലാത്ത ഫലത്തിൽ മതമില്ലാത്ത, എല്ലാവിധ മതപരിവർത്തനങ്ങളെയും നിരുത്സാഹപ്പെടുത്തുന്ന, ലോകമെങ്ങും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം നൽകുന്ന ഒരു മഹാരാജ്യമായി നിലകൊള്ളുകയാണ് ഭാരതത്തിന്റെ സഹസ്രാബ്ദങ്ങൾ പിന്നിട്ട സംസ്കാരത്തിനും ചരിത്രത്തിനും യോജിക്കുന്നത്.

ജയ് ഹിന്ദ്! വന്ദേ മാതരം!