mathews.jacob@mail.com

+91 88910 52375

Blog of Mathews Jacob

ജടായു പ്രതിമ
30-Apr-2021


ജടായു പ്രതിമയുടെ ഫോട്ടോ like ചെയ്ത എല്ലാവർക്കും നന്ദി. സത്യത്തിൽ ഒരു ഇരട്ടത്താപ്പ് തുറന്നു കാട്ടാനാണ് മൂന്നു വർഷം മുൻപുള്ള ഈ ഫോട്ടോ വീണ്ടും കവർ ഫോട്ടോയായി ഇട്ടത്. ഗുജറാത്ത് സർക്കാരിൻറ്റെ ടൂറിസം പ്രൊജക്റ്റായ Statue of Unity യെ പരിഹസിച്ച് പലരും പോസ്റ്റുകൾ ഇടുന്നതു കണ്ടു. ടൂറിസം പ്രോജക്ടുകളും അവയിലെ പ്രതിമളും നമ്മുടെ നാട്ടിലായാൽ നല്ലതും മറ്റു സംസ്ഥാനങ്ങളിലായാൽ വെറുക്കപ്പെടേണ്ടതും ആകില്ല. സത്യത്തിൽ Statue of Unity ജടായു എർത്ത്‌ സെൻറ്ററുമായി താരതമ്യം ചെയ്യാൻ പറ്റില്ല. ന്യൂയോർക്കിലെ Statue of Liberty യുമായിട്ടാണ് പുറംലോകം Statue of Unity യെ താരതമ്യം ചെയ്തു കാണുന്നത്. Statue of Liberty കാണാൻ ആവറേജ് 10,000 ആളുകൾ വരുമ്പോൾ Statue of Unity കാണാൻ ആവറേജ് 15,000 സന്ദർശകർ എത്തിയിരുന്നു. Statue of Unity യുടെ ആദ്യത്തെ ഒരു വർഷത്തെ വരുമാനം 82 കോടി രൂപയായിരുന്നു. അനേകായിരം ആളുകൾ അവരുടെ ജീവസന്ധാരണത്തിനുള്ള മാർഗ്ഗമായി ഇതിനു ചുറ്റും രൂപം കൊണ്ട പലവിധ വാണിജ്യ പ്രക്രിയകളെ ഉപയോഗപ്പെടുത്തുന്നു. കൊറോണ വരും പോകും. ഭാവിയിൽ മറ്റെന്തെങ്കിലും വെല്ലുവിളികൾ ഉയർന്നുവന്നേക്കുകയും ചെയ്തേക്കാം. എല്ലാം മനുഷ്യരാശി അതിജീവിക്കും. Statue of Unity യും ജടായു എർത്ത് സെൻറ്ററും ഒക്കെ നമ്മുടെ രാജ്യത്തിൻറ്റെ അഭിമാനമായി നിലനിൽക്കട്ടെ.
Jatayu Earth Center

കേരളത്തിൽ പ്രതീക്ഷിക്കുന്ന ഭരണത്തുടർച്ച
14-Mar-2021


എല്ലാവർക്കും എന്തെങ്കിലുമൊക്കെ കൊടുത്തു തൃപ്തിപ്പെടുത്തി. പാർട്ടിക്കാർക്കും കുടുംബാംഗങ്ങൾക്കും വാരിക്കോരിക്കൊടുത്തു. ഒരു കിറ്റ് എങ്കിലും കിട്ടാത്ത ആരും ഉണ്ടാവില്ലല്ലോ! കേരളത്തിലെ ന്യൂ നോർമൽ ഇതാണ്. ജനത്തിനു ഇതു മതി. കോൺഗ്രസ്സ് വന്നാൽ തമ്മിലടി നിർത്തിയിട്ടു ഭരിക്കാൻ സമയം കിട്ടില്ലല്ലോ. അഴിമതി ഇപ്പോഴത്തേതിലും കൂടുതൽ ആയിരിക്കുകയും ചെയ്യും. പതിറ്റാണ്ടുകൾക്ക് ശേഷം ഒരു തുടർഭരണം കേരളത്തിൽ ഉണ്ടാവുമെന്നുള്ളത് ഏതാണ്ട് ഉറപ്പാണ്. ഭരിക്കുന്നവരുടെ മേന്മകൊണ്ടാണെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കിൽ തെറ്റ്. ബിജെപിയും 20/20 യും കുറേ വോട്ടുകൾ അടിച്ചുമാറ്റും. അത് കൂടുതലും UDF ൽ നിന്നായിരിക്കും. ചിന്താശക്തി ആർക്കും അടിയറവുവെക്കാത്ത ആളുകൾ അവിടെയല്ലേ കൂടുതൽ ഉണ്ടാവൂ? ഒരു ചെറിയ അളവിൽ LDF നും വോട്ടു നഷ്ട്ടമുണ്ടാവും. അന്ധമായ UDF/LDF സ്നേഹമില്ലാത്ത കുറേ പ്രബുദ്ധരാണല്ലോ ഓരോ അഞ്ചു വർഷം കൂടുമ്പോഴും കേരളം ആരു ഭരിക്കണമെന്ന് ഇന്നുവരെ തീരുമാനിച്ചിരുന്നത്. അവർ ബിജെപി യിലേക്കും 20/20 യിലേക്കുമൊക്കെ വിഘടിച്ചു പോകും. അത് LDF ന് വലിയ ഗുണം ചെയ്യും. പഴയ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും കേവലഭൂരിപക്ഷത്തിൽ തുടർഭരണം ഉണ്ടാവാൻ എല്ലാ സാധ്യതകളും ഇപ്പോൾ കാണുന്നു. 2026 ലക്ഷ്യം വെക്കുന്ന ബിജെപി ക്ക് അത് വലിയ പ്രതീക്ഷകൾ നൽകുകയും ചെയ്യും.

പന്തളത്തു പക്ഷികൾ കൂടുകൂട്ടാതിരിക്കാൻ മരങ്ങളിൽ വല കെട്ടും
02-Apr-2021


മരം മുറിച്ചുമാറ്റുന്നത് ഏറ്റവും അവസാനത്തെ ഓപ്ഷൻ ആണ്. നെറ്റ് പരാജയമാണെന്ന് അനുഭവത്തിൽ വരുമ്പോൾ മാത്രം ആ ഓപ്ഷൻ സ്വീകരിച്ചാൽ മതിയാകും. ഒരു പൊതുസ്ഥലത്തു നിൽക്കുന്ന മരങ്ങൾ ആയതുകൊണ്ടും എന്തെങ്കിലും ചെയ്യണമെന്ന നാട്ടുകാരുടെ ദീർഘകാലംകൊണ്ടുള്ള മുറവിളിയും കൊണ്ടുകൂടിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. പക്ഷികളുടെ ജീവന് അപകടകരമാണെങ്കിൽ തീർച്ചയായും പുനർവിചിന്തനം ആവശ്യമാണ്. ഒരു ജീവിയേയും കൊല്ലാൻ പാടില്ലയെന്നുതന്നെയാകട്ടെ നമ്മുടെ നയം. അത് മനുഷ്യനായാലും പക്ഷിയായാലും പശുവായാലും പന്നിയായാലും അങ്ങിനെതന്നെ ആകട്ടെ. ഭേഷജം പ്രസന്നകുമാർ അറിയപ്പെടുന്ന പ്രകൃതി സ്നേഹിയാണ്. പക്ഷികളെ കൊന്നൊടുക്കാൻ കൂട്ടുനിൽക്കുമെന്നു കരുതാൻ പറ്റുന്നില്ല.

കോവൂർ കുഞ്ഞുമോനെ പോലീസ് ഉദ്യോഗസ്ഥൻ കഴുത്തിനു പിടിച്ചു തള്ളി
27-Mar-2021


മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിലെ വിരസമായ തള്ള് എങ്ങിനെയും സഹിക്കാം. ടി വി ഓഫ് ചെയ്‌താൽ മതിയല്ലോ! പക്ഷെ, പോലീസ് ഏമാൻറ്റെ ഈ തള്ള് ഒരിക്കലും സഹിക്കാൻ പറ്റില്ലായെന്നു മാത്രമല്ല മാപ്പർഹിക്കുന്നതുമല്ല. 20 വർഷമായി MLA ആയിരിക്കുന്ന ഒരുവന് ഇതാണ് ഗതിയെങ്കിൽ സാധാരണക്കാരായ ആളുകളുടെ അവസ്ഥ എന്താകും! തീർച്ചയായും ഒരു MLA ആണെന്ന് അറിഞ്ഞുകൊണ്ടല്ല ആ പോലീസ് ഉദ്യോഗസ്ഥൻ അങ്ങിനെ പെരുമാറിയത്. പക്ഷെ, ഒരു സാധാരണക്കാരനാണെങ്കിലും മുഖ്യമന്ത്രിയുടെ സമീപത്തു വന്നുവെന്ന കാരണത്താൽ പോലീസ് ഉദ്യോഗസ്ഥൻ അങ്ങിനെ പെരുമാറാൻ പാടുണ്ടോ? ഇത് പഴയ ഫ്യൂഡലിസത്തിന്റെ നേർചിത്രങ്ങളല്ലേ. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തന്നെ അങ്ങിനെ ചെയ്യാൻ തയ്യാറായത് ഇത് സ്ഥിരം കലാപരിപാടി ആയതുകൊണ്ടും മുഖ്യമന്ത്രി ഇതേവരെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങളെ നിരുത്സാഹപെടുത്തുകയും ചെയ്തിട്ടില്ലായെന്നുള്ളതുകൊണ്ടുകൂടിയാകുമല്ലോ.

കാൽ കഴുകി വന്ദിക്കുന്ന ആചാരം
25-Mar-2021


കാൽകഴുകിത്തുടച്ചതിനു ശേഷം അതിൽ ചുംബിക്കുന്ന രംഗമാണ് കാണുന്നത്. “വീഴെടാ കാലിൽ” എന്ന് ആജ്ഞാപിച്ചു ചെയ്യിക്കുന്നതാകാൻ ഒരു തരവുമില്ല. ഇത് ഗുരുപൂജയുടെ ഭാഗമായി എല്ലാ വർഷവും ഗുരുപൗർണ്ണമി ദിവസം ആര്ട്ട് ഓഫ് ലിവിങ് ആശ്രമത്തിൽ ഞങ്ങളൊക്കെ ചെയ്യുന്ന ചടങ്ങാണ്. പെസഹാ ദിവസം യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാൽ കഴുകിവന്ദിച്ചു മാതൃക കാട്ടി. അതിനു ശേഷം അപ്പം മുറിച്ചു നൽകിയത്‌ ക്രിസ്ത്യാനികൾ ആവർത്തിക്കുന്നുണ്ടെങ്കിലും കാൽകഴുകലും വന്ദിക്കലും ഒക്കെ അനാവശ്യമാണെന്ന് കരുതുന്നു. സത്യത്തിൽ ഒരു കുർബ്ബാനയിൽ പങ്കെടുക്കുന്നവർ യേശുക്രിസ്തു കാട്ടിത്തന്നപോലെ പരസ്പരം വന്ദിച്ചതിനു ശേഷം കുർബ്ബാന സ്വീകരിക്കുകയാണെങ്കിൽ കുറേക്കൂടി അർത്ഥപൂർണ്ണമാകുമായിരുന്നു!

മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികകൾ
24-Mar-2021


കേരളത്തിലെ മൂന്ന് മുന്നണികളുടേയും പ്രകടനപത്രികകൾ നിരാശപ്പെടുത്തി. ക്ഷേമപദ്ധതികളുടെ ഒരു ലേലം വിളി പോലെയേ പ്രത്യക്ഷത്തിൽ കാണപ്പെടുന്നുള്ളൂ. ഏറ്റവും അവസാനം പ്രകടനപത്രിക പുറത്തിറക്കിയ മുന്നണി ഏറ്റവും ഉയർന്ന തുകയായ 3500 പെൻഷനു quote ചെയ്തുവെന്നു പറയാം. എല്ലാം ഒരേ രീതിയിൽ ആയതുകൊണ്ട് ഭൂതക്കണ്ണാടി ഉപയോഗിച്ചു വ്യത്യാസങ്ങൾ കണ്ടുപിടിക്കാനും ഏതാണ് മെച്ചമെന്ന നിഗമനത്തിൽ എത്താനും അധികമാരും മിനക്കെടില്ല. എന്നാൽ, ഞങ്ങൾ അധികാരത്തിൽ വന്നാൽ 21 മന്ത്രിമാരുടെ സ്ഥാനത്തു 5 മന്ത്രിമാരേ ഉണ്ടാവൂയെന്ന് പറയുവാൻ ഒരു മുന്നണിയും ധൈര്യം കാണിച്ചില്ല. ഘടകകക്ഷികൾ കുറവുള്ള NDA പോലും ഇതിന് മുതിർന്നില്ലായെന്നത് അൽഭുതപ്പെടുത്തുന്നു. NDA ക്ക്‌ ഒന്നും നഷ്ട്ടപ്പെടാനില്ലല്ലോ. ധൂർത്തും സ്വജനപക്ഷപാതവും ഒക്കെയാണ് കേരളത്തെ കാർന്നുതിന്നുന്ന പ്രശ്നങ്ങളെങ്കിൽ ആദ്യം പരിഹാരം കാണേണ്ടതു അവയ്ക്കല്ലേ? മന്ത്രിമാരുടെ എണ്ണം കുറച്ചാൽ ഈ തിന്മകൾക്ക് വലിയ കുറവുണ്ടാവില്ലേ. പഞ്ചായത്തിരാജ്/അധികാരവികേന്ദ്രീകരണം നല്ല രീതിയിൽ നടപ്പിലാക്കുന്ന ഒരു സംസ്ഥാനത്തു അഞ്ചു മന്ത്രിമാരെക്കൊണ്ട് സമർത്ഥനായ ഇ.ശ്രീധരനെപ്പോലെയുള്ള ഒരു മുഖ്യമന്ത്രിക്ക് സംസ്ഥാനം ഭരിക്കാൻ കഴിയില്ലേ? ഇങ്ങിനെയുള്ള ചിന്തകൾക്കു പോലും മുതിരാത്ത അവസ്ഥയിൽ ജനം 20/20 പോലുള്ള സംവിധാനങ്ങളിലേക്കു തിരിഞ്ഞാൽ എങ്ങിനെ കുറ്റപ്പെടുത്തും!

ഡ്രൈവിംഗ് സ്‌കൂളുകൾക്ക് രണ്ടേക്കർ സ്ഥലം ഉണ്ടാവാണം
02-Mar-2021


രണ്ടേക്കർ സ്ഥലം എന്ന് പറയുമ്പോൾ വെറും കാട് പിടിച്ചു കിടക്കുന്ന ഒരു സ്ഥലം എന്ന് തെറ്റിദ്ധരിക്കപ്പെട്ടതാണ് പ്രശ്നം എന്നുതന്നെ കരുതണം. സത്യത്തിൽ ഈ രണ്ടേക്കർ കയറ്റവും ഇറക്കവും പാർക്കിംഗ് സ്പേസും ഒക്കെയുള്ള ഒരു virtual ടൗൺഷിപ്പ് ആയിരിക്കും. ഒരു അഡ്മിഷൻ ബ്ലോക്കും ഉണ്ടാവും. ഓഡിയോ/വിഷുവൽ ട്രെയിനിങ്ങിനുള്ള ഒരു ഹാൾ നിർബ്ബന്ധമായും ഉണ്ടാവും. ഒരു റൂം സിമുലേറ്റർ റൂമാവും. വലിയ തിരക്കുള്ള നിരത്തിൽക്കൂടി എങ്ങിനെ വാഹനമിടിക്കാമെന്നു ഈ സിമുലേറ്ററിൽ പ്രാക്ടീസ് ചെയ്യുവാൻ കഴിയും. ബാംഗ്ലൂർ യെശ്വൻതപുരയിൽ മാരുതി ഡ്രൈവിംഗ് സ്കൂളിൽ ഇത് ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. അവിടെ പ്രാക്ടീസ് ചെയ്ത് പുറത്തിറങ്ങുന്നവർ വലിയ ആൽമവിശ്വാസത്തോടുകൂടി സിറ്റിയിൽ വാഹനം ഓടിക്കുന്നതും ഞാൻ കണ്ടിട്ടുണ്. ഇതൊക്കെ ഈ വൈകിയ വേളയിലെങ്കിലും നമ്മുടെ നാട്ടിൽ വരുന്നെങ്കിൽ എന്തിനു എതിർക്കണം?